Thursday, December 31, 2009

ക്രിസ്തുമസ്‌ ആഘോഷം @ 2009

സ്വയ രക്ഷക്കുള്ള ഒരു തന്ത്രം :"ഈ കഥയ്ക്കോ അതിലേ സംഭവങ്ങൾക്കോ ആരുമായും ഒരു ബന്ധവുമില്ല. ഇനി അബദ്ധത്തിൽ വല്ല ബന്ധവും വന്നാൽ അതിന്‌ എന്നേ പിടിച്ച്‌ ഇടിക്കരുത്‌".

ഇത്തവണത്തെ ക്രിസ്തുമസ്‌ ആഘോഷവും എന്നത്തേയും പോലെ ഞങ്ങൾ കേമമായി ആഘോഷിച്ചു. എല്ലാ ആഘോഷങ്ങൾക്കും ഉള്ളതുപോലെ ഇതിനുമുണ്ടായിരുന്നു ഒരു കമ്മിറ്റി. പാതിരാത്രി വരെ ഇരുന്നു റൂം അലങ്കരിക്കാനും, കഷ്ടപ്പെട്ടു നടന്നു പരിപാടി നടത്താനും; അവസാനം കുറ്റം പറച്ചിലും ചീത്തവിളിയും മാത്രം കേൾക്കാനും വിധിക്കപ്പെട്ട ഒരു പാവം സമൂഹം.

പുലി ഇറങ്ങി എന്നൊക്കെ പറയുന്നതുപോലെ ക്രിസ്തുമസ്‌ പാപ്പാ ഇറങ്ങിയതോടെയാണ്‌ പരിപാടി ഔദ്യോഗികമായി ആരംഭിച്ചത്‌. പാപ്പായ്ക്കു പുറകേ ചുമന്ന തൊപ്പിയും വച്ചു കമ്മറ്റി അംഗങ്ങളും. എന്തായാലും അവരെല്ലാം തൊപ്പി വച്ചതു നന്നായി. കമ്മറ്റിക്കാർക്കു സ്ഥിരം കിട്ടാറുള്ള തല്ലു വരുമ്പോൾ ആളു മാറിപ്പോവില്ല.
ക്രിസ്തുമസ്‌ പാപ്പാ ഓരോരുത്തരുടേയും അടുത്ത്‌ ചെന്ന് അഭിവാദനം കൊടുക്കുന്നു. കൂടെ മിഠായിയും. അഭിവാദനം ആൾക്കാർ കിട്ടുന്ന പടി തിരിച്ചു കൊടുക്കുന്നു. മിഠായി മേടിച്ചു സ്വന്തം വായിലേക്കു തട്ടുന്നു.
ക്രിസ്തുമസ്‌ പാപ്പാ എന്റെ അടുത്തും എത്തി. ദുരിധാശ്വാസ കേന്ദ്രത്തിൽ റേഷൻ വിതരണം ചെയ്യുന്നതുപോലെ എനിക്കു കിട്ടിയത്‌ ഒരു മിഠായി. Merry chirstmas എന്നോ മറ്റോ ആണ്‌ പാപ്പാ എന്നോടു പറഞ്ഞത്‌. പെൺകുട്ടികളുടെ അടുത്തു ചെല്ലുമ്പോൽ പാപ്പാ Merry എന്നുള്ളതു മാറ്റി Marry എന്നാണോ പറയുന്നത്‌?. അതുപോലെ അവിടെ കൊടുക്കുന്ന മിഠായിയുടെ എണ്ണവും കൂടുന്നില്ലേ? ഈ കുപ്പായം ഇട്ട്‌ ഇറങ്ങിയാൽ ഇങ്ങനെ ചില മെച്ചങ്ങൾ ഒക്കെ ഉണ്ട്‌ എന്നറിഞ്ഞിരുന്നെങ്കിൽ കമ്മറ്റിക്കു കൈക്കൂലി കൊടുത്തായാലും അത്‌ ഞാൻ തന്നെ മേടിച്ചേനേ.

എന്തൊക്കെ പറഞ്ഞാലും ക്രിസ്തുമസ്‌ പാപ്പാ കലക്കി. ഉഷ്ണം എടുക്കുന്ന കുപ്പായവും ഇട്ട്‌ പാപ്പാ പണിക്ക്‌ ഇറങ്ങാൻ സന്മനസു കാണിച്ച അദേഹത്തേ സമ്മതിക്കണം.

തുടർന്നു മത്സരങ്ങൾ ഓരോന്നായി ആരംഭിച്ചു.

തിരി കത്തിക്കൽ മത്സരമാണ്‌ ആദ്യം നടന്നത്‌. ഒരു തീപ്പെട്ടി കൊള്ളി കൊണ്ടു കൂടുതൽ തിരി കത്തിക്കുന്നവർ വിജയിക്കും. ഈ ഇനത്തിലുള്ള ആൾക്കാരുടെ പ്രകടനം കണ്ടപ്പോൾ ഞാൻ എന്റെ ബാല്യകാല സുഹൃത്ത്‌ തൊമ്മിയെ ഓർത്തുപോയി. ആ മാന്യ ദേഹം പണ്ട്‌ ഇതുപോലെ ഒരു മത്സരതിൽ പങ്കെടുത്തിട്ടുള്ളതാണ്‌. അന്ന് അവൻ ആദ്യം ഒരു കുപ്പി മണ്ണണ്ണ തിരിയിലേക്കും അത്‌ വച്ചിരുന്ന മേശയിലേക്കും ഒഴിക്കുക ഉണ്ടായി. അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കാരണം മണ്ണണ്ണ ഒഴിക്കരുത്‌ എന്ന് കളിയുടെ നിയമത്തിൽ ഇല്ല. എന്തായാലും പിന്നീടു നിയമത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ഒരു കൊള്ളി ഉരച്ചു അവൻ തീ കൊടുത്തു. തീ ആളി പിടിച്ചപ്പോൾ "കത്തുന്ന തിരി എണ്ണിക്കോളൂ; തിരി മാത്രം എണ്ണിയാൽ മതി, ബാക്കി ഉള്ളവ വിട്ടേക്കൂ. അത്‌ ഫയർ ഫോഴ്‌സ്‌ വന്ന് എണ്ണിക്കോളും" എന്നും പറഞ്ഞു അവൻ മാറി നിന്നു. അവനേപ്പോലെ ഒരുത്തൻ ഇവിടെ ഇല്ലാത്തത്‌ കമ്മിറ്റിക്കാരുടെ ഭാഗ്യം.

പിന്നെ നടന്നത്‌ വെള്ളമടി മത്സരമാണ്‌. വെള്ളം എന്നത്‌ സാദാ പൈപ്പു വെള്ളം. മത്സരത്തിന്റെ സമ്മാനമായ ഒരു കുപ്പി വൈൻ രാജകീയമായി മേശയിലിരുന്ന് കുടിയന്മാരെ നോക്കി ചിരിക്കുന്നു. ആ ചിരി കണ്ടാണ്‌ പലരും എത്തിയിരിക്കുന്നത്‌. മത്സരത്തിൽ പങ്കെടുത്തവരുടെ വെള്ളത്തോടുള്ള ആർത്തി കണ്ടപ്പോൾ ഇവരെ എല്ലാം കൂടി ആ മുല്ലപ്പെരിയാറിലേക്ക്‌ ഇറക്കി വിട്ടാലോ എന്നു ഞാൻ അലോചിച്ചു. ആ ഒരു പ്രശ്നം അങ്ങനെ എളുപ്പം തീർന്നു കിട്ടും. ഡാമിൽ വെള്ളമുണ്ടെങ്കിലല്ലേ അലമ്പ്‌ ഉള്ളൂ.

ഈ ബഹളത്തിനിടയിൽ കുടിയന്മാർക്കു കൊടുക്കാൻ കരുതിയിരുന്ന വൈൻ അടിച്ചോണ്ടു പോകാനുള്ള ഒരു കുടിയന്റെ ശ്രമം കമ്മറ്റിക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം ഒഴിവായി. കമ്മറ്റിക്കാർ തൽക്കാലം കുടിയന്മാരുടെ ഇടിയിൽനിന്നു രക്ഷപെട്ടു.

ക്രിസ്തുമസ്‌ ഫ്രണ്ടിനു സമ്മാനം കൊടുക്കൽ ആയിരുന്നു അടുത്ത ഐറ്റം. എനിക്കു കിട്ടിയത്‌ മൊബൈൽ ഫോൺ വെക്കുന്ന ഒരു സ്റ്റാൻഡ്‌. അതിൽ മൊബൈൽ വച്ചാൽ കോളു വരുമ്പോൾ അവൻ മിന്നാൻ തുടങ്ങുമത്രേ. എന്തായാലും കിട്ടിയ സാധനം ഞാൻ ഭദ്രമായി എന്റെ സീറ്റിൽ കൊണ്ടെവച്ചിട്ട്‌ ബാക്കി ഉള്ളവർക്കു കിട്ടിയ സാധനങ്ങളുടെ കുറ്റം കണ്ടുപിടിക്കാൻ ഇറങ്ങി.

ദാസൻ(ശരിക്കുള്ള പേര്‌ അല്ല) തന്റെ ക്രിസ്തുമസ്‌ സമ്മാനവും പ്രതീക്ഷിച്ച്‌ ഇരിക്കുകയാണ്‌. ഒരു തരുണീമണി വന്ന് തനിക്ക്‌ സമ്മാനം തരുന്നത്‌ അദേഹം സ്വപ്നം കാണുന്നു. തരുണീമണിക്കു കൊടുക്കാൻ മേടിച്ച ക്രിസ്തുമസ്‌ കാർഡ്‌ ഭദ്രമായി മേശപ്പുറത്തു വച്ചിരിക്കുന്നു. കുറേ നേരം ആയിട്ടും ആരും വന്നില്ല. ഇത്‌ ദാസനെ അക്ഷമനാക്കി. ആ അക്ഷമൻ തന്റെ ക്രിസ്തുമസ്‌ ഫ്രണ്ടിനേ ചീത്ത വിളിക്കാൻ തുടങ്ങി. ഒരോ ചീത്ത വിളിയും കേട്ടു വിജയൻ(ഇതും ശരിക്കുള്ള പേരല്ല ) അടുത്തിരുന്നു കിടുങ്ങുന്നു. കാരണം ദാസന്റെ ക്രിസ്തുമസ്‌ ഫ്രണ്ട്‌ വിജയൻ ആണ്‌. അങ്ങേര്‌ സമ്മാനം എടുക്കാൻ മറന്നുപോയി. എന്തായലും വിജയൻ ദാസന്റെ അടുത്തു തന്നെ ഇരുന്ന് അദേഹത്തേ ആശ്വസിപ്പിക്കുന്ന്ഉണ്ട്‌. അവൻ മറന്നു പോയതായിരിക്കും എന്നും നാളെ കിട്ടും എന്നും പറഞ്ഞാണ്‌ സമധാനിപ്പീര്‌. സംഗതി അവൻ പറയുന്നത്‌ സത്യം ആണ്‌. പക്ഷെ, ക്ഷമ നശിച്ച ദാസൻ ഓരോ സമാധാനിപ്പിക്കലിനും തന്റെ ക്രിസ്തുമസ്‌ ഫ്രണ്ടിനേ ചീത്ത പറഞ്ഞുകൊണ്ടിരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞതോടേ ദാസൻ കലിപ്പൻ ആയി.സാധാരണ എല്ലായിടത്തും സംഭവിക്കുന്നതുപോലെ കലിപ്പൻ ദാസൻ ഉത്സവ കമ്മറ്റി അംഗങ്ങളുടെ മേൽ കുതിര കേറി. നിന്ന നിൽപ്പിൽ കമ്മറ്റിക്കാർ എന്തൊ സാധനം പൊതിഞ്ഞു കൊടുത്ത്‌ "ഇതുകൊണ്ടു അഡ്ജസ്റ്റ്‌ ചെയ്യൂ സഹോദരാ" എന്നും പറഞ്ഞ്‌ ആ കുതിരയേ മെരുക്കി. ഉള്ളതാകട്ടേ എന്നും പറഞ്ഞ്‌ കിട്ടിയ സമ്മാനവും മേടിച്ചു വച്ച്‌ ദാസൻ വീണ്ടും തന്റെ ഫ്രണ്ടിനെ ചീത്ത പറയാൻ തുടങ്ങി. അതോടെ സമാധാനം നശിച്ച വിജയൻ ഇതുവരെ കിട്ടിയ ചീത്തകളുമായി അവിടെ നിന്നു മുങ്ങി.

ഇതിനിടയിൽ എനിക്കു കിട്ടിയ സമ്മാനം ഫോൺ കോളു വന്നാൽ മിന്നും എന്നറിഞ്ഞ ചില ശാസ്ത്രകുതുകികൾ എന്റെ സീറ്റും കയ്യടക്കി അതിന്മേൽ പണി അരംഭിച്ചു. കുറഞ്ഞ നിമിഷം കൊണ്ട്‌ എല്ലാവരും കൂടി അതിനെ പൊളിച്ച്‌ അടുക്കി. ഇനി അതിൽ ഊരാൻ ബാക്കി ഒന്നും ഇല്ല എന്ന അവസ്ഥ എത്തിയപ്പോൾ അണ്‌ പൊളിച്ച്‌ അടുക്കൽ പരിപാടി നിന്നത്‌. പൊളിച്ചടുക്കിയവയേ തിരിച്ചടുക്കലും, അവയിൽ പരീക്ഷണ നിരീക്ഷണങ്ങളുമായി ആ കലാപരിപാടി പിന്നേയും നീണ്ടുപോയി.

ഞാൻ തിരിച്ചു വരുമ്പോൽ ഫോൺ കോളു വന്നാൽ മിന്നുന്നവന്റെ അവസ്ഥ പരമ ദയനീയം ആയിരുന്നു. പോലീസുകാർ കൊണ്ടുപോയി ഇടിച്ചു കുറ്റം സമ്മതിപ്പിച്ച പ്രതിയേപ്പോലെ അവൻ അവശനായി ഇരിക്കുന്നു. ഇപ്പൊൾ ഫോൺ വന്നാലേ മിന്നൂ എന്നൊരു പിടിവാശി ഒന്നും അവനില്ല. പേടി കാരണം ആരു വന്നാലും അണ്ണൻ മിന്നും. എന്നെ ഒന്നും ചെയ്യരുതേ എന്ന ഭാവത്തിൽ. അമ്മാതിരി പീഠനം ആണ്‌ അതിന്മേൽ നടന്നത്‌. നിർത്താതെ ഉള്ള മിന്നലുകൾക്കു ശേഷം അണ്ണൻ; തിരിച്ചു പിടിപ്പിച്ചപ്പോൾ ബാക്കി വന്ന ഏതോ ഒരു സാധനം എടുത്ത്‌ കുരിശും വരച്ച്‌ സ്വന്തം മൂക്കിലേക്ക്‌ എടുത്തു വച്ച്‌ അന്ധ്യശ്വാസം വലിച്ചു.

സമ്മാനമായി പൈന്റു കുപ്പി കിട്ടിയവർ അണ്‌ ഇപ്രാവശ്യത്തേ ഏറ്റവും ഭാഗ്യവാന്മർ ആയി അറിയപ്പെട്ടത്‌. അവന്മാരുടെ ക്രിസ്തുമസ്‌ ഫ്രണ്ടിനെ ആളുകൾ ബഹുമാനത്തോടേ നോക്കുന്നു. ഇങ്ങനെ ഒരു ക്രിസ്തുമസ്‌ ഫ്രണ്ടിനെ അടുത്ത തവണ എങ്കിലും കിട്ടാൻ പലരും നേർച്ച നേരുന്നു.
സമ്മാനമായി കാറ്റാടി വരെ കിട്ടിയവർ ഉണ്ടത്രേ. എന്താണാവോ അതുകൊണ്ടു ഉദേശിക്കുന്നത്‌?

3 comments:

  1. ithu aadyatheethinekkal adipoly aanallo georgeeee ...ini aduthathu New Year special aayi pratheekshikkunnu

    ReplyDelete
  2. both the post were super... but could not find anything in 2010... what happened??? too engaged with office work???

    ReplyDelete
  3. money killallo ... ninnil oru kadhakruthu evideyo olichirippundu.

    ReplyDelete